നിലാവ് പെയ്യുമ്പോൾ

നിലാവ് പെയ്യുമ്പോൾ
മുന്നോട്ടെന്ന് ഉറപ്പിച്ചിടത്തുനിന്നും  തിരികെ നടക്കാമിനി ...
ഇനിയീ യാത്രയിൽ  ഞാൻ തനിച്ചു മാത്രം,
റാന്തൽ വീശി കൂടെ നടന്നൊരാൾ
വിളക്കെറിഞ്ഞുടച്ച് ഇരുട്ടിൽ ഒളിച്ചു..
ഇരുട്ട്....!  പൊട്ടി ചിതറിയ വിളക്കിന്റെ കണ്ണാടിത്തുണ്ട് കാലിൽ  തറച്ചു കയറിയതിന്റെ വേദന അറിഞ്ഞു തുടങ്ങിയത് ആദ്യത്തെ ആ മരവിപ്പ് മാറി ചോരയുടെ ഇളം ചൂട് ഉള്ളം കാലിൽ പടർന്നു തുടങ്ങിയപ്പോഴാണ്...കവിളിൽ ഉതിരുന്ന കണ്ണുനീരിനേക്കാൾ വേഗത്തിൽ ചോര പൊടിയുന്നുണ്ട് കാലിൽ.... സൂര്യനെ സമ്മാനമായി നൽകാമെന്ന് പറഞ്ഞ് ഇരുട്ടിൽ തനിച്ചാക്കി എന്തിനാണ് നീ മറഞ്ഞിരുന്ന് എന്നെ നോക്കുന്നത്, തിരികെ വരൂ ...മറ നീക്കി പുഞ്ചിരിച്ച പാൽനിലാവിൽ വള്ളിപ്പടർപ്പിനിടയിൽ  നിന്നൊരു നിഴലനക്കം..." ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ഇനിയും എത്ര കാതമുണ്ട്?"ഞാൻ ചോദിച്ചു.
"എന്റെ ചുണ്ടിൽ നിന്നും നിന്റെ കണ്ണുകളിലേയ്ക് ഉള്ളത്രയും "...ആ കൈകളാലെൻ പദമാകെ തഴുകുമ്പോൾ ഒരു കുഞ്ഞു പോലെ  ഞാൻ  മാറോട് ചായുന്നു.....
നിന്റെ  വിരൽത്തുമ്പിലുതിരുന്ന  ചുടു ചോരയെന്റെ സീമന്തമാകെ പടരുമ്പോൾ നക്ഷത്രങ്ങളാൽ  തീർത്ത പന്തലിൽ നിലാവ് പൂക്കൾ ചൊരിയുന്നു .. നിന്റെ കണ്ണുകൾക്ക്  കാട്ടരുവിയെക്കാൾ തിളക്കം.....എന്റെ നെറുകയിൽ മുത്തിയ  തെളിനീർ കണത്തിൽ  സ്നേഹത്തിന്റെ പരിശുദ്ധി നിറയുന്നു ...എന്റെ മനസിലും നിലാവ് പെയ്യുന്നു......

Comments